Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Thessalonians 2 >> 

1ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവും, അവനോടുകൂടെ നമ്മൾ ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്:

2കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുതു.

3ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശത്തിന്റെ പുത്രനായ അധർമ്മത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും വേണം.

4അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിന്നും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ.

5നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?

6അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.

7അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി.

8അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.

9അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്കു വെളിപ്പെടുന്നത് സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;

10എന്തുകൊണ്ടെന്നാൽ അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.

11സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന എല്ലാവർക്കും ന്യായവിധി വരേണ്ടതിന്നു

12ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുവാനായി വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.

13ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷെക്കുള്ള ആദ്യഫലമായി ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.

14നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.

15ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചു അതിൽ ഉറെച്ചുനിന്നുകൊൾവിൻ.

16നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നേയും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും

17നിങ്ങളുടെ ഹൃദയങ്ങളെ എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും ആശ്വസിപ്പിച്ചു സ്ഥിരപ്പെടുത്തുമാറാകട്ടെ.


  Share Facebook  |  Share Twitter

 <<  2 Thessalonians 2 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran