Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Corinthians 15 >> 

1എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോട് സുവിശേഷിച്ചതും നിങ്ങൾക്ക് ലഭിച്ചതും, നിങ്ങൾ നില്ക്കുന്നതും

2നിങ്ങൾ വിശ്വസിച്ചതും, നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ മുറുകെപിടിക്കുക. അല്ലെങ്കിൽ അത് വെറുതെ ആയിപ്പോകും എന്ന് ഞാൻ നിങ്ങളെ ഓർപ്പിക്കുന്നു.

3ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ മരിച്ചു

4അടക്കപ്പെട്ടു തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു.

5കേഫാവിനും പിന്നെ പന്ത്രണ്ടു ശിഷ്യന്മാർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ മനസ്സിലാക്കിയതുതന്നെ നിങ്ങൾക്ക് ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.

6അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

7പിന്നീട് അവൻ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി.

8എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

9ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന് യോഗ്യനുമല്ല.

10എങ്കിലും ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ കൂടുതൽ അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

11ഞാനാകട്ടെ അവരാകട്ടെ ഇപ്രകാരം ഞങ്ങൾ പ്രസംഗിക്കുന്നു; അത് നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.

12ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് പ്രസംഗിച്ചുവരുമ്പോൾ തന്നെ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ?

13മരിച്ചവരുടെ പുനരുത്ഥാനം യഥാർത്ഥമല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.

14ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം അർത്ഥശൂന്യമാണ്; നിങ്ങളുടെ വിശ്വാസവും അർത്ഥശൂന്യമാണ്.

15മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എന്ന് വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്ന് ദൈവത്തിന് വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസ്സാക്ഷികൾ എന്ന് വരും.

16മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.

17ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം അർത്ഥശൂന്യമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.

18ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി.

19നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ നമ്മുടെ അവസ്ഥ സകല മനുഷ്യരുടേതിലും ദയനീയമത്രേ.

20എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ നിന്ന് ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു.

21മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.

22ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.

23എന്നാൽ ഓരോരുത്തർക്കും അവസരം ലഭിക്കുന്ന ക്രമത്തിൽ ആയിരിക്കും; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവൻ വരുമ്പോൾ;

24പിന്നെ അവസാനം; അന്ന് അവൻ എല്ലാ വാഴ്ചെക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ട് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

25അവൻ സകലശത്രുക്കളെയും തോൽപ്പിച്ച് കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

26അവസാനത്തെ ശത്രുവായിട്ട് മരണം നീങ്ങിപ്പോകും.

27സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന് കീഴ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്ന് സ്പഷ്ടം.

28എന്നാൽ അവന് സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന് പുത്രൻ താനും സകലവും തനിക്ക് കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.

29അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?

30ഞങ്ങളും ഓരോ മണിക്കൂറും പ്രാണഭയത്തിൽ കഴിയുന്നത് എന്തിന്?

31സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്ക് നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.

32ഞാൻ എഫെസൊസിൽവച്ച് വന്യമൃഗങ്ങളോട് യുദ്ധം ചെയ്തത് വെറും മാനുഷികം എന്നുവരികിൽ എനിക്ക് എന്ത് പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

33വഞ്ചിക്കപ്പെടരുത്, “ദുഷിച്ച കൂട്ടുകെട്ട് സദാചാരം നശിപ്പിക്കുന്നു.”

34സുബോധമുള്ളവരായി ഉണരുവിൻ; നീതിയുള്ളവരായി ജീവിക്കുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്ക് ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്ക് ലജ്ജയ്ക്കായി പറയുന്നു.

35പക്ഷേ ചിലർ ചോദിച്ചേക്കാം; “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു?” “ഏതുവിധം ശരീരത്തോടെ അവർ വരും?”

36മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.

37നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;

38ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും, ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു.

39സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.

40സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ.

41സൂര്യന്റെ തേജസ്സ് വേറെ, ചന്ദ്രന്റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു വ്യത്യാസം ഉണ്ടല്ലോ.

42മരിച്ചവരുടെ പുനരുത്ഥാനവും അപ്രകാരം തന്നേ. നശ്വരമായതിൽ വിതെക്കപ്പെടുന്നു, അനശ്വരമായതിൽ ഉയിർക്കുന്നു;

43അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;

44ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; ഭൗമീകകശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്.

45ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

46എന്നാൽ ആത്മീകമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മീകം പിന്നത്തേതിൽ വരുന്നു.

47ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.

48മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;

49നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.

50സഹോദരന്മാരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല എന്ന് ഞാൻ പറയുന്നു.

51ഞാൻ ഒരു ആത്മീക രഹസ്യം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;

52എന്നാൽ അവസാനത്തെ കാഹളം ധ്വനിക്കുമ്പോൾ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

53ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം.

54ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.

55ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?

56മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.

57നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിനു സ്തോത്രം.

58ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.


  Share Facebook  |  Share Twitter

 <<  1 Corinthians 15 >> 


Bible2india.com
© 2010-2024
Help
Dual Panel

Laporan Masalah/Saran