Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  James 1 >> 

1ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

2എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ സന്തോഷം എന്ന് കരുതുവിൻ.

3നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്നു അറിയുന്നുവല്ലൊ.

4എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹിഷ്ണത അതിന്റെ പൂർണ പ്രവർത്തി ചെയ്യട്ടെ.

5നിങ്ങളിൽ ഒരാൾക്ക് ജ്ഞാനം കുറവാകുന്നു എങ്കിൽ അവനെ കുറ്റപ്പെടുത്താതെ, സന്തോഷത്തോടെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും.

6എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരക്ക് തുല്യനാകുന്നു.

7ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്ന് വല്ലതും ലഭിക്കും എന്ന് ചിന്തിക്കരുത്.

8ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

9ദരിദ്രസഹോദരൻ തന്റെ ഉന്നതസ്ഥാനത്തിലും,

10ധനവാനോ പുല്ലിന്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.

11സൂര്യൻ ഉദിച്ചിട്ട് കടുത്ത ചൂടുകൊണ്ട് പുല്ലു ഉണങ്ങി പൂവുതിർന്ന് അതിന്റെ രൂപഭംഗി ഇല്ലാതെ പോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപ്പോകും.

12പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ പരീക്ഷകളെ അതിജീവിച്ചാൽ, കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

13പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; ദൈവം ആരെയും പരീക്ഷിക്കുന്നതുമില്ല.

14സ്വന്തമോഹത്തിൽ കുടുങ്ങി വശീകരിക്കപ്പെടുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു.

15മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം പൂർണ്ണവളർച്ച പ്രാപിച്ചിട്ട് മരണത്തെ പ്രസവിക്കുന്നു.

16എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.

17എല്ലാ നല്ല ദാനവും പൂർണ്ണവരം ഒക്കെയും ഉയരത്തിൽനിന്ന് വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനിൽ ചാഞ്ചല്യം ഇല്ല; മാറ്റത്തിന്റെ നിഴൽ പോലുമില്ല.

18നാം അവന്റെ സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന് അവൻ തന്റെ ഇഷ്ടത്താൽ സത്യത്തിന്റെ വചനം കൊണ്ട് നമ്മെ ജനിപ്പിച്ചിരിക്കുന്നു.

19പ്രിയസഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലൊ. എന്നാൽ ഏത് മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന് താമസവുമുള്ളവനും ആയിരിക്കട്ടെ.

20മനുഷ്യന്റെ കോപം മൂലം ദൈവത്തിന്റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.

21ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ട് നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.

22എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.

23ഒരുവൻ വചനം കേൾക്കുന്നവൻ എങ്കിലും പ്രവർത്തിക്കാതിരുന്നാൽ അവൻ തന്റെ മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു തുല്യനാകുന്നു.

24അവൻ സ്വന്തരൂപം കാണുകയും താൻ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുകയും ചെയ്യുന്നു.

25സ്വാതന്ത്ര്യത്തിന്റെ പൂർണ്ണ ന്യായപ്രമാണം ശ്രദ്ധയോടെ നോക്കി അനുസരിക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.

26നിങ്ങളിൽ ഒരുവൻ തന്റെ നാവിന് കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ട് താൻ ഭക്തൻ എന്ന് നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.

27പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്ന് കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.



 <<  James 1 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran