Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Titus 1 >> 

1നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ

2ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി

3താൻ തെരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്

4നമ്മുടെ പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു് കൃപയും സമാധാനവും ഉണ്ടാകട്ടെ.

5ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നേ.

6മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വസ്തരായ മക്കളുള്ളവനും ആയിരിക്കേണം.

7അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിഷ്ഠനും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്.

8അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമലനും ജിതേന്ദ്രിയനും

9യഥാർത്ഥ ഉപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.

10വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന അച്ചടക്കമില്ലാത്തവരായ പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.

11അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

12ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നെ, പറഞ്ഞിരിക്കുന്നു.

13ഈ സാക്ഷ്യം നേർ തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും

14യെഹൂദകഥകളേയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളേയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക.

15ശുദ്ധിയുള്ളവർക്കു് എല്ലാം ശുദ്ധം തന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ഹൃദയവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.

16അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറപ്പുളവാക്കുന്നവരും അനുസരണം കെട്ടവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.



 <<  Titus 1 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran