Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Ephesians 3 >> 

1അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിനാൽ ബന്ധിതനായിരിക്കുന്നു.

2നിങ്ങൾക്കായി എന്നെ ഭരമേല്പിച്ചിരിക്കുന്ന ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു

3ഞാൻ മുന്നമെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മർമ്മം അറിവായിവന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

4നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ച മർമ്മത്തെ പറ്റി എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്കു ഗ്രഹിക്കാം.

5ആ മർമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ മുൻ തലമുറകളിലെ മനുഷ്യർക്കു അറിവായിവന്നിരുന്നില്ല.

6ആ മർമ്മം എന്നതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

7ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.

8സകല വിശുദ്ധരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അതിരറ്റ സമ്പന്നതയെക്കുറിച്ചു പ്രസംഗിപ്പാനും

9സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിക്കുവാനുമായി ഈ കൃപ എനിക്കു നല്കിയിരിക്കുന്നു.

10അതിന്റെ ഫലമായി ഇപ്പോൾ സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,

11ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നിവർത്തിച്ച അനാദികാലം മുതലുള്ള നിർണ്ണയപ്രകാരം സഭമുഖാന്തരം വെളിപ്പെട്ടുവരുന്നു.

12ക്രിസ്തുയേശുവിലുള്ള വിശ്വാസം നിമിത്തം അവനിൽ നമുക്കു ധൈര്യവും ദൈവത്തിങ്കലേക്കുള്ള പ്രവേശനവും ഉണ്ട്.

13അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ എന്റെ കഷ്ടങ്ങളെ ഓർത്ത് അധൈര്യപ്പെട്ടുപോകരുത് എന്നു ഞാൻ അപേക്ഷിക്കുന്നു.

14നിങ്ങൾക്കായുള്ള ഈ ദൈവികപ്രവൃത്തി നിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും

15പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.

16അവൻ, തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം നിങ്ങളിലുള്ള അവന്റെ ആത്മാവിനാൽ നിങ്ങളുടെ അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടതിന്നും

17ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനമുള്ളവരായി

18ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധരോടുംകൂടെ ഗ്രഹിക്കുവാനും

19പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാൻ പ്രാപ്തരാകയും, ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.

20എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ കഴിയുന്നവനു

21സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.



 <<  Ephesians 3 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran