Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  Ephesians 2 >> 

1അതിക്രമങ്ങളും പാപങ്ങളും നിമിത്തം മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.

2അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിക്കു തക്കവണ്ണവും വായു മണ്ഡലത്തിലെ അധികാരങ്ങൾക്കും, അനുസരണമില്ലാത്ത തലമുറകളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു.

3അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ സ്വഭാവത്താൽ കോപത്തിന്റെ മക്കൾ ആയിരുന്നു.

4കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം

5അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും—കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത് —

6ക്രിസ്തുയേശുവിൽ നമ്മോടുള്ള ദയയാൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു

7ക്രിസ്തുയേശുവിൽ നമ്മെ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.

8കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിനും നിങ്ങൾ കാരണക്കാരല്ല; അത് ദൈവത്തിന്റെ ദാനമത്രേയാകുന്നു.

9ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

10നാം ദൈവത്തിന്റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

11അതുകൊണ്ട് നിങ്ങൾ മുമ്പെ സ്വഭാവത്താൽ ജാതികളായിരുന്നു; ശരീരത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റ പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ ‘അഗ്രചർമക്കാർ’ എന്നു നിങ്ങൾ വിളിക്കപ്പെട്ടിരുന്നു;

12അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു ബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.

13മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ, ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

14അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു

15സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും

16ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

17അവൻ വന്നു ദൂരത്തും സമീപത്തുമുള്ളവർക്കു സമാധാനം സുവിശേഷിച്ചു.

18ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം സാധ്യമായി.

19ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.

20ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.

21അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിനുവേണ്ടി വിശുദ്ധ മന്ദിരമായി വളരുന്നു.

22അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.



 <<  Ephesians 2 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran