Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 5 >> 

1ഈ കൂടാരമെന്ന നമ്മുടെ ഭൗമഭവനം ദ്രവിച്ച് പോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു.

2ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിപ്പാൻ ഞങ്ങൾ വാഞ്ചിക്കുന്നു.

3അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലൊ.

4ഈ ഭൗമഭവനത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നേയോ വസ്ത്രം ധരിക്കും എന്നുള്ളതുകൊണ്ട്, മർത്യത ജീവനാൽ നീങ്ങിപ്പോകും എന്നുള്ളതുകൊണ്ട് തന്നെ.

5അതിനായി ഞങ്ങളെ ഒരുക്കിയെടുത്തത്, ആത്മാവിന്റെ സ്ഥൈര്യം നമ്മുക്ക് നൽകിയ ദൈവം തന്നെ.

6ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരമാകുന്നഭവനത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോട് അകന്ന് പരദേശികൾ ആയിരിക്കുന്നു എന്നും അറിയുന്നു.

7കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.

8ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ട് ശരീരം വിട്ട് കർത്താവിനോടുകൂടെ ഭവനത്തിൽ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.

9അതുകൊണ്ട് ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നത് ലക്ഷ്യമാക്കുന്നു.

10അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

11ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ദൈവമുമ്പാകെ ഞങ്ങൾ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

12ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ നിങ്ങളുടെ മുമ്പാകെ പ്രശംസിക്കയല്ല, ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ട് പ്രശംസിക്കുന്നവരോട് ഉത്തരം പറവാൻ നിങ്ങൾക്ക് വക ഉണ്ടാകേണ്ടതിന് ഞങ്ങളെക്കുറിച്ച് പ്രശംസിപ്പാൻ നിങ്ങൾക്ക് കാരണം തരികയത്രേ ചെയ്യുന്നത്.

13ഞങ്ങൾ സുബോധമില്ലാത്തവർ എന്നുവരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്ന് വരികിൽ നിങ്ങൾനിമിത്തവും ആകുന്നു.

14ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും

15ജീവിച്ചിരിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്ക് വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റവനായിട്ട് തന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ ഉറച്ചിരിക്കുന്നു.

16ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരേയും മാനുഷീക നിലവാരം അനുസരിച്ച് വിധിക്കുന്നില്ല; ക്രിസ്തുവിനെയും ഇപ്രകാരം അറിഞ്ഞിരുന്നു എങ്കിലും ഇനിയും തുടർന്ന് അങ്ങനെ അറിയുന്നില്ല.

17അതുകൊണ്ട് ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് ഇല്ലാതയായി, ഇതാ, എല്ലാം പുതുതായി തീർന്നിരിക്കുന്നു.

18ഇതിനൊക്കെയും ദൈവം തന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോട് നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്ക് തന്നിരിക്കുന്നു.

19പറയട്ടെ, അവരുടെ ലംഘനങ്ങളെ അവരോട് കണക്കിടാതെ ലോകത്തെ തന്നിൽ തന്നെ നിരപ്പിപ്പാൻ ദൈവം ക്രിസ്തുവിലായി. ഈ നിരപ്പിന്റെ വചനം ഞങ്ങളെ ഭരമേല്പിച്ചുമിരിക്കുന്നു.

20ആകയാൽ ഞങ്ങൾ ക്രിസ്തുവിന് വേണ്ടി സ്ഥാനാപതികളായി ദൈവത്തോട് നിരന്നു കൊൾവിൻ എന്ന് ക്രിസ്തുവിന് പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

21പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്ക് വേണ്ടി പാപം ആക്കി.



 <<  2 Corinthians 5 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran