Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  2 Corinthians 12 >> 

1പ്രശംസിക്കുന്നതിനാൽ ഒന്നും നേടുന്നില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് തുടർന്നു പറവാൻ പോകുന്നു.

2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.

3ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.

4മനുഷ്യന് ഉച്ചരിപ്പാൻ കഴിയാത്തതും അതിപരിശുദ്ധവുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു.

5അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.

6ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്നിൽ നിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവെച്ച് ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുന്നു.

7വെളിപ്പാടുകളുടെ അസാധാരണമായ സ്വഭാവം നിമിത്തം ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ.

8അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു.

9അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ പരിപൂർണ്ണമായിവരുന്നു എന്ന് പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

10അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു.

11ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.

12അപ്പൊസ്തലന്റെ യഥാർത്ഥ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയാലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ട് വന്നുവല്ലോ.

13ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്ക് ഏതുകാര്യത്തിൽ കുറവ് വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ.

14ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നേ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവെക്കേണ്ടത്.

15ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?

16ഞാൻ നിങ്ങൾക്ക് ഭാരമായിത്തീർന്നില്ല എങ്കിലും കൗശലക്കാരനാകയാൽ വഞ്ചനകൊണ്ട് നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും.

17ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ ആരെ എങ്കിലുംകൊണ്ട് നിങ്ങളുടെ വല്ലതും വഞ്ചിച്ചെടുത്തുവോ?

18ഞാൻ തീത്തൊസിനെ പ്രേരിപ്പിച്ചു, മറ്റ് സഹോദരന്മാരോടൊപ്പം അയച്ചിരുന്നു; തീത്തൊസ് നിങ്ങളോട് വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽചുവടുകളിൽ അല്ലയോ?

19ഇത്രനേരം ഞങ്ങൾ നിങ്ങളോട് പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മീകവർദ്ധനയ്ക്കായിട്ടത്രേ.

20ഞാൻ വരുമ്പോൾ ഞാൻ ആഗ്രഹിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ആഗ്രഹിക്കാത്ത വിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും തർക്കം, അസൂയ, ക്രോധം, ശാഠ്യം, ഏഷണി, അപവാദം, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും

21ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപംചെയ്തിട്ട് തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു, ദുഷ്കാമം എന്നിവയെക്കുറിച്ച് മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.



 <<  2 Corinthians 12 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran