Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 John 3 >> 

1കാണ്മിൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ട് നമ്മെയും അറിയുന്നില്ല.

2പ്രിയമുള്ളവരേ, നമ്മൾ ഇപ്പോൾ ദൈവമക്കൾ ആകുന്നു. നമ്മൾ എന്ത് ആകും എന്ന് ഇതുവരെ വെളിവായിട്ടില്ല. എന്നാൽ അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെപ്പോലെ ആകും എന്ന് നാം അറിയുന്നു. എന്തെന്നാൽ, അവൻ ഇരിക്കുന്നതുപോലെ നാം അവനെ കാണുമല്ലോ.

3അവനിൽ ഈ പൂർണ്ണപ്രത്യാശയുള്ളവരെല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു.

4പാപം ചെയ്യുന്നവൻ എല്ലാം നിയമലംഘനവും ചെയ്യുന്നു; പാപം നിയമലംഘനം തന്നെ.

5പാപങ്ങളെ നീക്കുവാൻ ക്രിസ്തു വെളിപ്പെട്ടു എന്ന് നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.

6അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

7പ്രിയ കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുത്; ക്രിസ്തു നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.

8പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ തകർക്കേണ്ടതിനായി ദൈവപുത്രൻ വെളിപ്പെട്ടു.

9ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നില്ല; കാരണം അവന്റെ പരിശുദ്ധാത്മാവ് അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്ന് ജനിച്ചതിനാൽ അവനു പാപം ചെയ്‌വാൻ കഴികയുമില്ല.

10ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വെളിപ്പെടുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.

11നിങ്ങൾ ആദിമുതൽ കേട്ട ദൂത് ഇതാണ്: നമ്മൾ അന്യോന്യം സ്നേഹിക്കേണം.

12കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേത് നീതിയുമുള്ളതാകകൊണ്ടത്രേ.

13എന്റെ സഹോദരന്മാരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്.

14നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.

15തന്റെ സഹോദരനെ പകെക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.

16ക്രിസ്തു നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നമ്മൾ സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു; നമ്മളും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.

17എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരൻ ആവശ്യത്തിലാണെന്ന് കണ്ടിട്ട് അവനിൽ നിന്ന് തന്റെ മനസ്സലിവിന്റെ ഹൃദയം അടച്ചുകളഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

18എന്റെ പ്രിയ കുഞ്ഞുങ്ങളേ, നമ്മൾ വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.

19നമ്മൾ സത്യത്തിൽനിന്നുള്ളവരാണ് എന്ന് ഇതിനാൽ നമുക്ക് അറിയാം; നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.

20കാരണം നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആകുന്നു.

21പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്.

22അവന്റെ കല്പനകളെ നമ്മൾ പ്രമാണിച്ച് അവന് പ്രസാദമുള്ളത് ചെയ്യുന്നതുകൊണ്ട് നമ്മൾ എന്ത് യാചിച്ചാലും അവനിൽനിന്ന് നമുക്ക് ലഭിക്കും.

23ഇതാണ് അവന്റെ കല്പന, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നമ്മൾ വിശ്വസിക്കയും അവൻ നമുക്ക് ഈ കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളത് തന്നെ.

24ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. ഇതിനാൽ അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്ക് തന്ന ആത്മാവിനാൽ നാം അറിയുന്നു.



 <<  1 John 3 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran