Bible 2 India Mobile
[VER] : [MALAYALAM]     [PL]  [PB] 
 <<  1 Timothy 1 >> 

1ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം

2വിശ്വാസത്തിൽ യഥാർത്ഥ പുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.

3വിശ്വാസത്തിനും ദൈവഹിതത്തിനും സഹായകമല്ലാത്ത മറ്റു യാതൊരു വിധ ഉപദേശങ്ങളും പഠിപ്പിക്കരുതെന്നും, തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു കല്പിക്കേണ്ടതിനു

4നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉൽസാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉൽസാഹിപ്പിക്കുന്നു.

5കല്പിച്ചതിന്റെ ഉദ്ദേശ്യമോ: ശുദ്ധഹൃദയത്തിൽനിന്നുള്ള സ്നേഹം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.

6ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു

7ന്യായപ്രമാണത്തിന്റെ ഉപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നോ, സ്ഥാപിക്കുന്നതു ഇന്നതു എന്നോ ഗ്രഹിക്കുന്നില്ലതാനും.

8ന്യായപ്രമാണമോ നീതിമാനല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ലൗകികർ, മാതാപിതാക്കളെ കൊല്ലുന്നവർ, കുലപാതകർ,

9ദുർന്നടപ്പുകാർ, സ്വവർഗഭോഗികൾ, ആളുകളെ അപഹരിക്കുന്നവർ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാർക്കും

10സമ്പൂർണ്ണ ഉപദേശത്തിന്നു വിപരീതമായ മറ്റു ഏതിനും അത്രേ വെച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ടു ന്യായപ്രമാണത്തെ കൃത്യമായി ആചരിക്കുന്നവർക്ക് ന്യായപ്രമാണം നന്മയായത് എന്നു നാം അറിയുന്നു.

11ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസൃതമായ ഈ പരിജ്ഞാനം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.

12എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.

13മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു;

14നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചു കവിഞ്ഞുമിരിക്കുന്നു.

15ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഏറ്റവും നീചൻ ഞാൻ തന്നേ.

16എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകലദീർഘക്ഷമയും നീചനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.

17നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

18മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.

19ചിലർ നല്ല മനസ്സാക്ഷിയും വിശ്വാസവും തള്ളിക്കളഞ്ഞതു നിമിത്തം കപ്പൽച്ചേതം സംഭവിച്ചതുപോലെ തകർന്നുപോയി;

20ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവത്തെ ദുഷിക്കാതിരിപ്പാൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.



 <<  1 Timothy 1 >> 


Bible2india.com
© 2010-2024
Help
Single Panel

Laporan Masalah/Saran